മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ശശി തരൂർ. പാർട്ടി തനിക്ക് ഒന്നും സംഭാവനയായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്യുന്നവരുടെ എണ്ണം 100 ശതമാനം കൃത്യമായി പറയാൻ കഴിയില്ലെന്നും ശശി തരൂർ പറഞ്ഞു. ഏകദേശം 9200 വോട്ടർമാരുണ്ട്. ഇത് ഓരോ പി.സി.സി.കളും നൽകുന്ന കണക്കാണെന്നും വലിയ വ്യത്യാസം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

പല വോട്ടർമാർക്കും പോളിംഗ് കേന്ദ്രത്തിൽ എത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനാൽ മുഴുവൻ വോട്ടും പോൾ ചെയ്യപ്പെടുമെന്ന് കരുതാൻ കഴിയില്ല. ഓരോ വോട്ടർക്കും ഒരു സീരിയൽ നമ്പറുള്ള കാർഡുണ്ട്. അതിൽ ഫോട്ടോ ഇല്ല. ബാലറ്റ് പേപ്പർ നോക്കിയാൽ ആരുടെ വോട്ടാണെന്ന് കണ്ടെത്താനാവില്ല. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.