കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ

തിരുവനന്തപുരം: കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ വാദത്തിന് തരൂർ മറുപടി നൽകി.

“എന്‍റെ മനസ്സ് ഒരു തുറന്ന പുസ്തകമാണ്, എനിക്ക് ഒന്നും മറച്ചുവെക്കാനില്ല,” തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസാണ് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. വരരുതാത്തവർ വരാൻ പാടില്ല,” ശശി തരൂർ പറഞ്ഞു. വിഴിഞ്ഞം വിവാദം നല്ല രീതിയിൽ അല്ല പോകുന്നതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ലായിരുന്നുവെന്നും തരൂർ പ്രതികരിച്ചു. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശവിരുദ്ധരോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയെക്കുറിച്ച് അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയിലേക്ക് വരില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. താരിഖ് അൻവറിന്‍റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടെന്നാണ് നാട്ടകം സുരേഷിന്‍റെ വിശദീകരണം. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു. തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രഖ്യാപിച്ചിരുന്നു.