കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂർ
പട്ടാമ്പി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂർ എംപി. വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് തരൂർ പറഞ്ഞു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
“രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിൽനിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ” – തരൂർ മാധ്യമങ്ങളോടു പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തേക്കും. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലാണ് കൂടിക്കാഴ്ച. നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും മാത്രമാണ് മത്സരരംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. ആർക്കും മത്സരിക്കാമെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
അതേസമയം, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് അശോക് ഗെഹ്ലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായി. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷം നിർദ്ദേശിക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എം.എൽ.എമാരുടെ ആവശ്യം. നിർണായക ഘട്ടത്തിൽ ഗെഹ്ലോട്ട് പാർട്ടിയെ അപമാനിച്ചുവെന്നും അദ്ദേഹത്തെ എഐസിസി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പുറത്താക്കണമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.