ഫോൺ നൽകാൻ തയ്യാറാകാതെ ഷോൺ; ഉദ്യോഗസ്ഥരുമായി തർക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി.സിയുടെ മകനുമായ ഷോണ് ജോർജിനെതിരായ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം രാവിലെ ഈരാറ്റുപേട്ടയിലെ പി.സിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ ക്രൈംബ്രാഞ്ച് സംഘം മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ഷോൺ ജോർജ് അത് നൽകാൻ തയ്യാറായില്ല. തുടർന്ന് അന്വേഷണ സംഘവും പി.സി ജോർജും തമ്മിൽ വാക്ക് തർക്കമുണ്ടായി.

ഇന്ന് രാവിലെ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അപകീർത്തിപ്പെടുത്താൻ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നീക്കം. അതിജീവതയേ പിന്തുണച്ചവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് വ്യാജ ഗ്രൂപ്പ് രൂപീകരിച്ചത്.