ടെക് മേളയായ ജൈടെക്സിൽ ശൈഖ് മുഹമ്മദ് എത്തി
ദുബായ്: ലോകത്തിലെ വലിയ ടെക് മേളയായ ജൈടെക്സിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. അദ്ദേഹം ജൈടെക്സിന്റെ രണ്ടാം ദിനത്തിലാണ് സന്ദർശിച്ചത്.
മേളയിലെ ആധുനിക സാങ്കേതിക വിദ്യകൾ കണ്ട അദ്ദേഹം പലതും പരീക്ഷിക്കാനും മടികാണിച്ചില്ല. മെറ്റാവെർസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളെക്കുറിച്ചും ജൈടെക്സിലെ അവയുടെ അവതരണത്തെക്കുറിച്ചും അധികൃതർ അദ്ദേഹത്തോട് വിശദീകരിച്ചു. മൈക്രോസോഫ്റ്റ് ഹോളോലെൻസ് ഗ്ലാസുകൾ ഉപയോഗിച്ച് അദ്ദേഹം വിവിധ കാഴ്ചകൾ കണ്ടു. മനുഷ്യൻ ചരിത്രപരമായ മാറ്റത്തിന്‍റെ ഘട്ടത്തിലാണെന്നും ഭാവിയെ സാങ്കേതികവിദ്യകളാകും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ. ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയും ദുബായ് മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ജൈടെക്സ് ഉദ്ഘാടനം ചെയ്തത്.മേള വെള്ളിയാഴ്ച അവസാനിക്കും.