യുഎഇ ‘മാര്‍ച്ച് ഓഫ് ദി യൂണിയനി’ൽ ജനങ്ങൾക്കൊപ്പം പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദും

അബുദാബി: യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മാർച്ച് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ വത്ബയിൽ പ്രസിഡൻഷ്യൽ കോർട്ട് സംഘടിപ്പിച്ച യൂണിയൻ മാർച്ചിൽ വൻ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.

യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ളവർ യൂണിയന്‍റെ മാർച്ചിൽ ഒത്തുചേർന്നു. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ദേശീയപതാകയുമേന്തി മാർച്ചിന് നേതൃത്വം നൽകി. പരമോന്നത കൗൺസിൽ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ പരിപാടികൾ, ഒട്ടക, കുതിര പ്രദർശനങ്ങൾ, എയർ ഷോ, വെടിക്കെട്ട്, ലേസർ ഷോ എന്നിവ കാണികളെ അത്ഭുതപ്പെടുത്തി.