പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

മലപ്പുറം: മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് കാൽനടയായി ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചെന്ന വാർത്ത വ്യാജമാണെന്ന് വെളിപ്പെടുത്തൽ. ശിഹാബ് തന്നെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വാർത്ത അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ശിഹാബ് പറഞ്ഞു.

126 ദിവസമായി ഷിഹാബ് യാത്ര തുടങ്ങിയിട്ട്. ഇതിനകം 3,200 കിലോമീറ്റർ ദൂരം താണ്ടിക്കഴിഞ്ഞു. യാത്രയുടെ 35 മുതൽ 40 ശതമാനം വരെ പൂർത്തിയായതായും ഷിഹാബ് കൂട്ടിച്ചേർത്തു. “മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ ഇല്ല. അല്ലാഹുവിന്‍റെ നാമത്തിൽ, പുറത്ത് പ്രചരിക്കുന്ന വാർത്തകൾ നുണയാണെന്ന് ഞാൻ പറയുന്നു”, ശിഹാബ് പറഞ്ഞു. 

മലപ്പുറം വളഞ്ചേരിയിൽ നിന്ന് തുടങ്ങിയ കാൽനട യാത്രയ്ക്ക് വൻ ജന സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ സ്ഥലത്ത് നിന്നും മറ്റ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ ശിഹാബിനൊപ്പം നിരവധിയാളുകളാണ് നടക്കുന്നത്. 2023 -ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.