ഷിൻസോ ആബെയുടെ കൊലപാതകം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജപ്പാൻ പൊലീസ്

ജപ്പാൻ: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായതായി ജാപ്പനീസ് പൊലീസ് പറയുന്നു. ആരോപണങ്ങൾ നിഷേധിക്കാനാവില്ലെന്ന് നാര പോലീസ് മേധാവി ടോമോകി ഒനിസുക പറഞ്ഞു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയ്ക്ക് വെള്ളിയാഴ്ച ജപ്പാനിൽ നടന്ന ഒരു പ്രചാരണത്തിന്‍റെ സമാപനത്തിൽ സംസാരിക്കവെയാണ് വെടിയേറ്റത്.

41 കാരനായ ടെറ്റ്സുയ യമഗാമിക്ക് ഒരു മതസംഘടനയോട് വിരോധമുണ്ട്. നാടൻ തോക്ക് ഉപയോഗിച്ച് ആബെയെ വെടിവച്ചതായി പ്രതി സമ്മതിച്ചു. പടിഞ്ഞാറൻ ജപ്പാനിലെ ഒരു ഫാക്ടറിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്.കൂടാതെ ജപ്പാൻ നാവികസേനയായ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിൽ ഏകദേശം മൂന്ന് വർഷത്തോളം സേവനമനുഷ്ഠിച്ചുവെന്നും പ്രതി മൊഴി നൽകി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും ഒനിസുക പറഞ്ഞു.

അതേസമയം, ഞായറാഴ്ച ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടന്നു. എൽഡിപി ടോക്കിയോ ആസ്ഥാനത്ത് ആബെയ്ക്കായി ഒരു നിമിഷത്തെ നിശബ്ദത ആചരിച്ചു. പ്രാദേശിക സമയം രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 9 മണിയോടെ പൂർത്തിയായി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) ഭൂരിപക്ഷം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജാപ്പനീസ് പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് സാധാരണയായി നിലവിലെ സർക്കാരിന്റെ ഹിതപരിശോധനയായാണ് കാണുന്നത്. എൽ.ഡി.പിയുടെ വലിയ വിജയം നിലവിലെ പ്രധാനമന്ത്രിയുടെ നയങ്ങൾക്ക് കരുത്തേകും.