ബാബറിനെതിരെ വിമർശനവുമായി ശുഐബ് അക്തർ
ഇസ്‍ലാമബാദ്: ടി20 ലോകകപ്പിൽ സിംബാബ്‍വെയോട് പാകിസ്താൻ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് പേസർ ശുഐബ് അക്തർ. യുട്യൂബ് വിഡിയോയിലാണ് പാകിസ്താനു മോശം ക്യാപ്റ്റനാണുള്ളതെന്നും അവർ ലോകകപ്പിൽനിന്നു പുറത്തായതായും അക്തർ പറയുന്നത്. “നിങ്ങൾക്ക് എന്തുകൊണ്ടാണ് ഇതു മനസ്സിലാകാത്തതെന്ന് എനിക്കറിയില്ല. ഞാനിതു മുൻപും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൂടി പറയുകയാണ്. ബാറ്റിങ്ങിലെ പാകിസ്താന്റെ മുൻനിര, മധ്യനിര താരങ്ങളെവച്ച് നമുക്കു തുടർച്ചയായി വിജയിക്കാനാകില്ല” അദ്ദേഹം പറഞ്ഞു.
“പാകിസ്താന് ഒരു മോശം ക്യാപ്റ്റനാണുള്ളത്. അവർ ലോകകപ്പിൽനിന്നു പുറത്തായി. മുഹമ്മദ് നവാസ് അവസാന ഓവറുകൾ എറിഞ്ഞ മൂന്ന് മത്സരങ്ങളും നമ്മള്‍ തോറ്റതാണ്. ബാബർ അസം വൺ ഡൗണായി ബാറ്റിങ്ങിന് ഇറങ്ങണം. ഷഹീൻ അഫ്രീദിയുടെ ഫിറ്റ്നസിലും പ്രശ്നങ്ങളുണ്ട്. ക്യാപ്റ്റൻസിയിലും മാനേജ്മെന്റിലും പ്രശ്നങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കും, പക്ഷേ എന്തു തരം ക്രിക്കറ്റാണു നിങ്ങൾ കളിക്കുന്നത്?”
ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ പാകിസ്താൻ നെതർലൻഡ്സിനെ നേരിടും. ഈ മത്സരത്തിൽ തോറ്റാൽ പാകിസ്താന് ലോകകപ്പിനോട് വിട പറയേണ്ടി വരും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്താനെ 4 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.