കുണ്ടന്നൂരിൽ ബാറിലെ വെടിവെയ്പ്പ്; രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: കുണ്ടന്നൂരിലെ ബാർ ഹോട്ടലിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. എഴുപുന്ന സ്വദേശി റോജൻ, സുഹൃത്ത് ഹെറാൾഡ് എന്നിവരാണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കുണ്ടന്നൂരിലെ ‘ഓജീസ് കാന്താരി’ എന്ന ബാർ ഹോട്ടലിൽ ബുധനാഴ്ച വൈകുന്നേരമാണ് വെടിവെയ്പ്പുണ്ടായത്. എയർ ഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് സംശയിക്കുന്നു. മദ്യപിച്ച ശേഷം പുറത്തിറങ്ങുന്നതിനിടെ കൗണ്ടറിന്‍റെ ഭിത്തിയിൽ ഒരാൾ വെടിയുതിർക്കുകയായിരുന്നു. രണ്ടു തവണ വെടി വച്ചു.

പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പ്രാഥമിക വിവരം.