ട്വിറ്റര്‍ മേധാവിസ്ഥാനം ഒഴിയണോ; അഭിപ്രായ വോട്ടെടുപ്പ് നടത്തി മസ്‌ക്‌

വാഷിങ്ടണ്‍: നിരവധി വിവാദപരമായ പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും നയ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ പുതിയ അഭിപ്രായ വോട്ടെടുപ്പുമായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്. അദ്ദേഹം ട്വിറ്ററിന്‍റെ തലപ്പത്ത് നിന്ന് പടിയിറങ്ങണമോ എന്നതാണ് ചോദ്യം. അഭിപ്രായ സർവേ ഫലങ്ങൾ അംഗീകരിക്കുമെന്ന് മസ്ക് പറഞ്ഞു. ട്വിറ്റർ പോൾ ആരംഭിച്ച് എട്ട് മണിക്കൂറിനു ശേഷം 56.7 ശതമാനം പേർ എലോൺ മസ്ക് സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 43.3 ശതമാനം പേർ വേണ്ട എന്നും.

ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ തുടങ്ങിയ സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകൾ നിരോധിക്കുമെന്ന് ട്വിറ്റർ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രചാരണം ഇനി അനുവദിക്കില്ലെന്ന നയം കമ്പനിക്കുണ്ട്.

ഇതിന്‍റെ ഭാഗമായി, പ്രചാരണം മാത്രം ലക്ഷ്യമിട്ട് മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഉള്ളടക്കവും ട്വിറ്റർ നീക്കം ചെയ്യും.