പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണം; വിസിമാരുടെ ഹിയറിങ് ഇന്ന്
തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ് ഗവർണർ ഇന്ന് നടത്തും. രാവിലെ 11 മണി മുതൽ രാജ്ഭവനിൽ വാദം കേൾക്കും. വി.സിമാർ നേരിട്ടോ വി.സിമാർ നിയോഗിക്കുന്ന അഭിഭാഷകരോ ഹിയറിംഗിനായി വരും. വിദേശത്തുള്ള എംജി വിസിയുടെ വാദം കേൾക്കൽ പിന്നീട് നടക്കും. ഇന്ന് എത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ണൂർ വി.സി അറിയിച്ചിട്ടുണ്ട്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വാദം കേൾക്കൽ.
യു.ജി.സി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യോഗ്യതയില്ലാത്ത എല്ലാ വി.സിമാരെയും പുറത്താക്കാനാണ് ഗവർണറുടെ നീക്കം. വാദം കേട്ട ശേഷം വി.സിമാർ കോടതിയിൽ നൽകിയ കേസ് കൂടി പരിഗണിച്ച് ഗവർണർ അന്തിമ നിലപാട് സ്വീകരിക്കും.
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. ചാൻസലറായ ഗവർണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാൻസലറുടെ അധികാരപരിധിയിൽ വിശദമായ വാദം കേൾക്കണമെന്നും വിസിമാർ ആവശ്യപ്പെട്ടിരുന്നു.