ശ്രദ്ധ വാൽക്കർ കൊലപാതകക്കേസ്; വിവാദമായി കേന്ദ്രമന്ത്രിയുടെ പരാമർശം

ന്യൂഡൽഹി: ഡല്‍ഹിയില്‍ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശം. മാതാപിതാക്കളെ ഉപേക്ഷിച്ച് ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്ന പരാമര്‍ശമായിരുന്നു കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ നടത്തിയത്. ലിവ്–ഇൻ റിലേഷൻഷിപ്പുകളാണ് ഇത്തരം നിഷ്‌ഠൂരമായ ക്രൂരകൃത്യങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം വാദിച്ചു.

വിദ്യാസമ്പന്നരും അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണെന്നും കരുതുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എന്തിനാണ് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിക്കുന്നത്? അങ്ങനെ ചെയ്യണമെങ്കില്‍ അത്തരം ബന്ധങ്ങള്‍ക്ക് ശരിയായ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. മാതാപിതാക്കള്‍ അത്തരം ബന്ധങ്ങള്‍ക്ക് പരസ്യമായി തയ്യാറല്ലെങ്കില്‍ കോര്‍ട്ട് മാര്യേജ് ചെയ്ത് ഒരുമിച്ച് ജീവിക്കണമെന്നും ശ്രദ്ധ വാൽക്കര്‍ വധക്കേസ് പരാമര്‍ശിക്കവേ കൗശല്‍ കിഷോര്‍ പറഞ്ഞു.

മാതാപിതാക്കള്‍ എന്തുകൊണ്ടാണ് വേണ്ടെന്ന് പറയുന്നതെന്ന് പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. അച്ഛനും അമ്മയും ബന്ധം നിരസിച്ചാല്‍ പെണ്‍കുട്ടികളാണ് ഉത്തരവാദികള്‍. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടരുതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.