രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായി ശ്രീറാം ഫിനാന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി (എൻബിഎഫ്സി) ശ്രീറാം ഫിനാൻസ്. ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനിയും ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് കമ്പനിയും ലയിപ്പിച്ചതോടെയാണ് കമ്പനി ഏറ്റവും വലിയ എൻബിഎഫ്സിയായി മാറിയത്.

6.7 ദശലക്ഷം ഉപഭോക്താക്കളാണ് ശ്രീറാം ഫിനാൻസിനുള്ളത്. കമ്പനിയുടെ മൊത്തം മൂല്യം 40,900 കോടി രൂപയാണ്. 1,71,000 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഈ ലയനത്തോടെ ശ്രീറാം ഫിനാൻസിന്‍റെ വ്യക്തിഗത വായ്പകൾ, സ്വർണ വായ്പകൾ, എംഎസ്എംഇ, വാണിജ്യ വാഹന വായ്പകൾ എന്നിവയിൽ വളർച്ചയുണ്ടാകുമെന്ന് ശ്രീറാം ഫിനാൻസ് എംഡിയും സിഇഒയുമായ വൈ എസ് ചക്രവർത്തി പറഞ്ഞു.

1979ൽ വ്യവസായി ആർ ത്യാഗരാജനാണ് ശ്രീറാം ഫിനാൻസ് സ്ഥാപിച്ചത്. നിലവിൽ 4,000 ശാഖകളും 79,100 ജീവനക്കാരുമുണ്ട് സ്ഥാപനത്തിന്. ശ്രീറാം ഫിനാൻസ് ചെറുകിട ബിസിനസുകൾക്ക് ഇൻഷുറൻസ് സേവനങ്ങൾ ഉൾപ്പെടെ നൽകുന്നുണ്ട്.