ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ തുറന്നു
കല്പറ്റ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുരസാഗർ ഡാം തുറന്നു. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഒരു ഷട്ടർ 10 സെന്‍റീമീറ്റർ ഉയർത്തി. റവന്യൂ മന്ത്രി കെ. രാജന്‍റെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകൾ തുറന്നത്.
അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുഴകളിൽ മീൻ പിടിക്കാൻ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിന്‍റെ പരിസരത്ത് പോലീസിനെ വിന്യസിച്ചു. ജലനിരപ്പ് ഉയർന്നതോടെ ബാണാസുര സാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിലെ ജലനിരപ്പ് 773.50 മീറ്ററിലെത്തിയതോടെ ഞായറാഴ്ച പുലർച്ചെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
നിലവിൽ ഒരു ഷട്ടർ 10 സെന്‍റിമീറ്റർ തുറന്ന് സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുവാദമുണ്ട്. വെള്ളം തുറന്നുവിടുമ്പോൾ സമീപ പ്രദേശങ്ങളിലും ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പുകൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.