ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തിൽ എസ്ഐയെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വൃത്തിയാക്കുന്നതിനിടെ തോക്കിൽ നിന്നും വെടി പൊട്ടിയതുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്പെൻഡ് ചെയ്തു. എസ്ഐ ഹാഷിം റഹ്മാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദ്രുതകർമ്മ സേനയിൽ എസ്.ഐയായിരുന്നു. ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു വെടി പൊട്ടിയത്. എസ്.ഐ അശ്രദ്ധമായാണ് തോക്ക് കൈകാര്യം ചെയ്തതെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയ ശേഷം രാവിലെ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുകയായിരുന്നു. ഇതൊരു സാധാരണ നടപടിയാണ്. ഈ സമയം പിസ്റ്റളിന്‍റെ ചേംബറിൽ ഒരു വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ആർക്കും പരിക്കേറ്റിട്ടില്ല.

സംഭവം വലിയ സുരക്ഷാവീഴ്ചയാണെന്നാണ് പൊലീസ് സേനയുടെ വിലയിരുത്തൽ. ഇതേതുടർന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് എസ്.ഐ ഹാഷിം റഹ്മാനെ സസ്‌പെൻഡ് ചെയ്തത്.