ലോഹിതദാസിന്റെ പേരിലുള്ള സ്മൃതിമണ്ഡപത്തിന്റെ പേര് മാറ്റുന്നതില്‍ പ്രതിഷേധിച്ച് സിബി മലയില്‍
ആലുവ മണപ്പുറത്ത് ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന സ്മൃതി മണ്ഡപത്തിന്റെ പേര് വയലാര്‍ രാമവര്‍മ്മ സ്മൃതി മണ്ഡപം എന്നാക്കി മാറ്റാന്‍ നഗരസഭാ തീരുമാനിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍ സിബി മലയില്‍. കലാകാരൻമാരെ രാഷ്ട്രീയ വൈരാഗ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നും പേര് മാറ്റത്തിൽ നിന്ന് പിൻവാങ്ങണം എന്നും സിബി മലയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
2010 ലാണ് സംവിധായകന്‍ ലോഹിതദാസിന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് ശിവരാത്രി ദൃശ്യോത്സവത്തിന്റെ സ്ഥിരം വേദിയായി മണപ്പുറത്ത് മണ്ഡപം നിര്‍മ്മിക്കുന്നത്.
സിബി മലയിലിന്‍റെ കുറിപ്പ്: “മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്‍ യശശരീരനായ ലോഹിതദാസിന്റെ പേരില്‍ സ്ഥാപിച്ച ഈ സ്മൃതി മണ്ഡപത്തെക്കുറിച്ചുള്ള വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. എന്ത് കാരണത്താലാണ് ഇങ്ങനെയൊരു നീക്കം ആലുവ നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നു മനസ്സിലാകുന്നില്ല. ആലുവാ പുഴയോരത്ത് പ്രിയ ലോഹി പണി തീര്‍ത്തു ഏറെ നാള്‍ താമസിച്ചിരുന്ന ഭവനത്തിനു മുന്‍പില്‍ത്തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഇങ്ങനെയൊരു സ്മാരകം ഉയര്‍ന്നു വന്നപ്പോള്‍ ഏറെ ആഹ്ലാദിച്ച എല്ലാവരേയും സങ്കടത്തിലാക്കുന്ന നടപടികളില്‍ നിന്നും പിന്മാറാനുള്ള ദയ ആ പരേതാത്മാവിനോടു ഉണ്ടാവണം എന്ന് ബന്ധപ്പെട്ട അധികൃതരോടു അപേക്ഷിക്കുന്നു. നിങ്ങളുടെ രാഷ്ട്രീയ വൈരാഗ്യ- വടംവലികളില്‍ നിന്നും പാവം കലാകാരന്മാരെ ഒഴിവാക്കുക. സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”