ജപ്പാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി സിബി ജോര്‍ജിനെ നിയമിച്ചു
ന്യൂഡല്‍ഹി: കുവൈറ്റിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധ നേടിയ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇനി ജപ്പാനിലെ അംബാസഡർ. സഞ്ജയ് കുമാർ വർമ്മയ്ക്ക് പകരമാണ് സിബി ജോർജിന്റെ നിയമനം.
ജപ്പാനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ജോർജിനെ നിയമിച്ചിട്ടുണ്ടെന്നും ഉടൻ ചുമതലയേൽക്കുമെന്നും വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിൽ അറിയിച്ചത്. കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറെ പിന്നീട് പ്രഖ്യാപിക്കും.
കോവിഡ് -19 മഹാമാരി രൂക്ഷമായ 2020 ലാണ് സിബി ജോർജ് കുവൈറ്റിലെ ഇന്ത്യൻ അംബാസഡറായത്. ഇക്കാലയളവിൽ ഇന്ത്യൻ എംബസി വലിയ ദുരിതത്തിലായിരുന്ന പ്രവാസികൾക്കൊപ്പം നിന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും പ്രവാസികൾക്ക് അവരുടെ ജന്മനാടുകളിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നതിനുമായി സിബി ജോർജിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.