സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും സിദ്ദിഖ് കാപ്പൻ ജയിലിൽ തുടരും

ലക്നൗ: സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ലഖ്നൗവിലെ ജയിലിൽ തുടരുമെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാലാണിത്. 2020 ഒക്ടോബർ 6 ന് ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് പോകവെയാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളമായി ജയിലിൽ കഴിയുന്ന കാപ്പന് വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി ആദ്യ ആറാഴ്ച ഡൽഹിയിലെ ജംഗ്പുരയിൽ തങ്ങാനാണ് സുപ്രീം കോടതിയുടെ നിർദേശം. ശേഷം കേരളത്തിലേക്ക് പോകാം. എല്ലാ തിങ്കളാഴ്ചയും രണ്ടിടത്തും ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം. വിചാരണക്കോടതിക്ക് ഉചിതമെന്ന് തോന്നുന്ന മറ്റ് ജാമ്യ വ്യവസ്ഥകളും തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.