സിദ്ദു മൂസെവാല കൊലപാതകം; പ്രതി ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ന്യൂ ഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്യാങ്സ്റ്റര്‍ ടിനു എന്ന ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കപുര്‍ത്തല ജയിലിൽ നിന്ന് മാൻസയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയാണ് ദീപക്. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരനാണ് ലോറൻസ് ബിഷ്ണോയി. ശനിയാഴ്ചത്തെ സംഭവം ഉൾപ്പെടെ ഇത് നാലാം തവണയാണ് ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്.

2017ൽ അംബാല ജയിലിൽ കഴിയവെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് ദീപക് രക്ഷപ്പെട്ടിരുന്നു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. കൊലപാതകത്തിന്‍റെ വീഡിയോകൾ കാണിച്ച് ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതയും ദീപക്കിനുണ്ട്. 

മെയ് 29നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. മൂസെവാലയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരു ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റു. മൂസെവാലയെ ആറ് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്നും എകെ 47 ആണ് ഉപയോഗിച്ചതെന്നും ഡൽഹി പോലീസ് കണ്ടെത്തിയിരുന്നു.