സംസ്ഥാനത്തെ ആംബുലൻസുകള്‍ക്ക് സുപ്രധാന മാറ്റങ്ങൾ; നിറത്തിലും സൈറണിലും വ്യത്യാസങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകളിൽ സമൂലമായ മാറ്റം വരുത്താനുള്ള പുതിയ നിർദ്ദേശങ്ങളുമായി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. മൃതദേഹങ്ങൾ കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന നിർദ്ദേശങ്ങളാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്.
മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഇനി സൈറണുകൾ ഉപയോഗിക്കാൻ കഴിയില്ല. മൃതദേഹം കൊണ്ടുപോകുന്ന വാഹനം തിരിച്ചറിയാൻ മുന്നിലും പിന്നിലും വശങ്ങളിലും പെയിന്‍റ് ഉപയോഗിച്ച് ‘ഹിയർസെ’ എന്ന് എഴുതണം. വാഹനത്തിന് ചുറ്റും മധ്യഭാഗത്തായി 15 സെന്‍റീമീറ്റർ വീതിയിൽ നേവി ബ്ലൂ നിറത്തിൽ വരയിടുകയും വേണം.
സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളും ടൂറിസ്റ്റ് ബസുകൾക്ക് സമാനമായി വെള്ള നിറമടിക്കണമെന്ന നിർദ്ദേശവും സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി മുന്നോട്ട് വെച്ചു. 2023 ജനുവരി 1 മുതൽ, നിലവിലുള്ള ആംബുലൻസുകൾക്ക് കാര്യക്ഷമത പരിശോധന നടത്തുമ്പോൾ അവയുടെ നിറം മാറ്റേണ്ടിവരും. ഒപ്പം വാഹനത്തിന്‍റെ മുന്നിലും പിന്നിലുമുള്ള ബമ്പറുകളിൽ തിളക്കമുള്ള വെള്ള (ബ്രില്യന്റ് വൈറ്റ്) പെയിന്‍റ് അടിക്കണം. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണം ഇൻസ്റ്റാൾ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.