‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണ്ണമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കെറെയിൽ ആണ് ഡിപിആർ സമർപ്പിച്ചത്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു ഇന്ന് നൽകിയ വിശദീകരണത്തിൽ കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

സിൽവർ ലൈനിനായി സർവേയും ശിലാസ്ഥാപനവും നടത്തിയത് റെയിൽവേ മന്ത്രാലയത്തിന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമഗ്രമായ ഡി.പി.ആർ തയ്യാറാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. അതിനുമപ്പുറമുള്ള പ്രവർത്തനങ്ങൾക്കല്ല അനുമതി.

മധ്യവേനലവധിക്ക് മുമ്പ് സിൽവർലൈനിനായുള്ള സർവേ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച കേസുകളുടെ വിചാരണയ്ക്കിടെ സർവേ സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് റെയിൽവേ മന്ത്രാലയം വിശദീകരണം നൽകിയത്. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.