‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16ന് ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. 2020 ഡിസംബർ 24നു ഗവർണർ ഇത് സംബന്ധിച്ച് അന്നത്തെ റെയിൽവേ മന്ത്രി പീയുഷ് ഗോയലിനും കത്തയച്ചിരുന്നു.

സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും സിൽവർലൈൻ ഡിപിആർ 2020 ജൂൺ 17 നു റെയിൽവേ ബോർഡിന് പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചു.

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി 2021 ജൂലൈ 13നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റെയിൽവേ മന്ത്രിയെയും കണ്ടതായി ഗവർണർ കത്തിൽ പറയുന്നു.