സിൽവർലൈൻ; പദ്ധതി ഉപേക്ഷിക്കും വരെ സമരം തുടരും, സമരസമിതി നേതൃ യോഗം ഇന്ന്

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും സംസ്ഥാന കമ്മിറ്റി പ്രതിനിധികളും പങ്കെടുക്കും.

പദ്ധതി പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിക്കുക, പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമിതി സമരം നടത്തുന്നത്.

ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിട്ടും പദ്ധതി ഉപേക്ഷിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചതായി സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.