സിൽവർലൈൻ പദ്ധതി; സംശയങ്ങൾക്ക് കെ റെയിലിൻ്റെ തൽസമയ മറുപടി

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കെറെയിൽ ഇന്ന് തത്സമയം ഉത്തരം നൽകും. ‘ജനസമക്ഷം സിൽവർലൈൻ’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം. ഇമെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം. കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം സ്വയംഭൂലിഗം എന്നിവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.

അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വികസനത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരങ്ങളെന്നും രാഷ്ട്രീയ സമരങ്ങളിൽ മൗനം പാലിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിളപ്പിൽശാലയിൽ നടന്ന വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിൻ്റെ ഉദ്ദേശ്യം എന്താണെന്ന് തുറന്നുകാട്ടണം. കേരളത്തിൻ്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതം ആധുനികവത്കരിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.