സിസോദിയ സി.ബി.ഐയ്ക്ക് മുന്നില്‍; പ്രതിഷേധിച്ച ആം ആദ്മി പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സിബിഐ. ചോദ്യം ചെയ്യലിനെതിരെ എഎപി പ്രവർത്തകർ പ്രതിഷേധിച്ചു. സിബിഐ ഓഫീസിന് പുറത്തായിരുന്നു ഇവരുടെ പ്രതിഷേധം. തുടർന്ന്, എഎപി എംപി സഞ്ജയ് സിംഗ് ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

സി.ബി.ഐ. തന്നെ അറസ്റ്റ് ചെയ്യുമെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോകുന്നതില്‍നിന്ന് തടയാനുള്ള ബി.ജെ.പി. പദ്ധതിയാണിതെന്നും നേരത്തെ സിസോദിയ പറഞ്ഞിരുന്നു. തുറന്ന കാറിൽ റോഡ് ഷോ നടത്തിയാണ് സിസോദിയ ചോദ്യം ചെയ്യലിന് എത്തിയത്. പല സ്ഥലങ്ങളിലും വാഹനം നിർത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സ്മാരകത്തിലേക്ക് പോവുകയും ചെയ്തു.

അതേസമയം സിസോദിയയുടെ റോഡ് ഷോയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. അഴിമതിയിൽ ലോകകപ്പ് നേടുന്നത് പോലെയാണ് റോഡ് ഷോയെന്ന് ബി.ജെ.പി വിമർശിച്ചു.