ബിജെപിയുടെ ‘വാഗ്ദാനം’ സിസോദിയ റെക്കോഡ് ചെയ്തു ; സമയം വരുമ്പോള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാൽ എല്ലാ കേസുകളും പിൻവലിച്ച് മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. നേതാവ് വാഗ്ദാനംചെയ്യുന്ന ഓഡിയോ റെക്കോർഡ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പക്കൽ ഉണ്ടെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത ദൂതൻ ആരാണെന്ന് വെളിപ്പെടുത്താൻ മനീഷ് സിസോദിയ തയ്യാറാവണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടി ഇക്കാര്യം അറിയിച്ചത്.

“ഈ ഘട്ടത്തിൽ ഓഡിയോ റെക്കോർഡിംഗ് പുറത്തുവിടാൻ ആം ആദ്മി പാർട്ടി ആഗ്രഹിക്കുന്നില്ല, പക്ഷേ അത്തരമൊരു ഘട്ടം വന്നാൽ, അത് ഫോൺ സംഭാഷണം പുറത്തുവിടും,” പേര് വെളിപ്പെടുത്താത്ത എഎപി നേതാവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ആം ആദ്മി പാര്‍ട്ടിയെ പിളര്‍ത്തിയാല്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. ബി.ജെ.പിയെ സഹായിച്ചാല്‍ തനിക്കെതിരായ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്ന വാക്കും തന്നു. ഒരു ദൂതനാണ് തന്നെ സമീപിച്ചതെന്ന് വ്യക്തമാക്കിയ സിസോദിയ പക്ഷേ, ആളാരാണെന്ന് വെളിപ്പെടുത്തിയില്ല.