‘സിട്രാംഗ്’ ശക്തി പ്രാപിക്കുന്നു; ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: സിട്രാംഗ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ബംഗ്ലാദേശിലേക്ക് നീങ്ങുന്നതിനാൽ പശ്ചിമ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യും.

ബുധനാഴ്ച പുലർച്ചെയോടെ ഇത് ബംഗ്ലാദേശ് തീരം കടക്കാനാണ് സാധ്യത. പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ സൗത്ത് 24 പർഗാനാസ്, പുർബ മേദിനിപൂർ എന്നിവിടങ്ങളിൽ ഇന്നും നാളെയും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൗത്ത് 24 പർഗാനാസിൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.

ത്രിപുര, അസം, മിസോറാം, മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലർട്ടും അരുണാചൽ പ്രദേശിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ത്രിപുരയിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 26 വരെ ത്രിപുരയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സജ്ജമാണെന്നും അധികൃതർ അറിയിച്ചു.