ശ്രീലങ്കയിൽ സ്ഥിതി രൂക്ഷം; ഗോതബായ രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചു. അടിയന്തരമായി പാർലമെന്‍റ് വിളിച്ചുചേർക്കണമെന്നും പ്രധാനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറിയതിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.

അതേസമയം, പ്രസിഡന്‍റ് ഗോതബായ രാജപക്സെ രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു. സൈനിക കപ്പലിൽ ഇരിക്കുമ്പോഴാണ് ഇയാൾ രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ വസതി ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം രാജ്യം വിട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സൈനിക കപ്പലിൽ ശ്രീലങ്കൻ തീരത്ത് ഇപ്പോഴും തുടരുന്ന പ്രസിഡന്‍റ് നിലവിലെ സംഘർഷാവസ്ഥ നീങ്ങിയാൽ മാത്രമേ കൊളംബോയിലേക്ക് മടങ്ങൂ എന്നാണ് റിപ്പോർട്ടുകൾ.

പതിനായിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച പോലീസിന്‍റെ ബാരിക്കേഡുകൾ തകർത്ത് പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രതിഷേധക്കാർ കൊളംബോയിലെത്തിയത്. പ്രതിഷേധക്കാർ വിവിധ സ്ഥലങ്ങളിൽ റോഡ്, ട്രെയിൻ ഗതാഗതം നിയന്ത്രണത്തിലാക്കി. കൊളംബോ നഗരം പൂർണ്ണമായും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ്. ദേശീയ തലസ്ഥാനത്തെ റോഡുകളും പ്രധാന സ്ഥലങ്ങളും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. കൂടുതൽ കൂടുതൽ പ്രതിഷേധക്കാർ കൊളംബോയിലേക്ക് ഒഴുകുകയാണ്.