ഹാട്രിക് 100 കോടി ലക്ഷ്യമാക്കി ശിവകാര്‍ത്തികേയൻ; ‘പ്രിൻസ്’ ചിത്രീകരണം പൂര്‍ത്തിയായി

ശിവകാർത്തികേയൻ തമിഴിൽ തുടരെയുള്ള ഹിറ്റുകളുടെ തിളക്കത്തിലാണ്.  ശിവകാർത്തികേയന്‍റെ ഏറ്റവും അവസാനത്തെ രണ്ട് റിലീസുകളായ ‘ഡോക്ടർ’, ‘ഡോൺ’ എന്നീ ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ശിവകാർത്തികേയന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘പ്രിൻസ്’ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് പ്രിൻസ് പൂര്‍ത്തിയായിരിക്കുന്നത്. പ്രിൻസിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ 42 കോടി രൂപയ്‍ക്കാണ് സ്വന്തമാക്കിയത് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജി കെ വിഷ്ണുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു റൊമാന്‍റിക് കോമഡിയായി കണക്കാക്കപ്പെടുന്ന ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും. സംഗീതം ഒരുക്കിയിരിക്കുന്നത് തമൻ എസ് ആണ്.

ശ്രീ വെങ്കിടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമ്മിക്കുന്നത്. ഒരു വിദേശ സ്ത്രീയുമായി പ്രണയത്തിലാകുന്ന ഒരു തമിഴ് ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷമാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പ്രിൻസിൽ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റർ രാഹുൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കാരൈക്കുടിയാണ് ലൊക്കേഷൻ. തമിഴ്നാട്ടിലെ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് പ്രിൻസിന്‍റെ തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.