ഒമ്പത് മാസത്തിനിടെ ആറ് ഇന്ത്യന്‍ തടവുകാര്‍ പാക് തടങ്കലില്‍ മരിച്ചു; ആശങ്കാജനകമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ അഞ്ച് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആറ് ഇന്ത്യൻ തടവുകാർ പാക് കസ്റ്റഡിയിൽ മരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കസ്റ്റഡിയിൽ മരിച്ച തൊഴിലാളികൾ ശിക്ഷാകാലാവധി പൂർത്തിയാക്കിയിരുന്നെന്നും നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സമീപ കാലത്തായി മത്സ്യത്തൊഴിലാളികളുടെ മരണ സംഖ്യയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും വിഷയം ഇസ്ലാമാബാദ് ഹൈക്കമ്മീഷൻ മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേർത്തു. ആറ് മത്സ്യത്തൊഴിലാളികളെ ഇന്ത്യ-പാക് സമുദ്രാതിർത്തിയിൽ വെച്ച് രക്ഷപ്പെടുത്തിയെന്ന പാക് അധികൃതരുടെ അവകാശവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍റെ പ്രതികരണം.
വ്യാഴാഴ്ച, കടലിൽ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ പട്രോളിംഗ് നടത്തുന്നതിനിടെ പാകിസ്ഥാൻ സുരക്ഷാ ഏജൻസിയുടെ കപ്പൽ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറിയിരുന്നു.