ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫ് സ്ഥാനാർഥിയെ ആക്രമിച്ച് ആറംഗ സംഘം

മുതുകുളം: പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ ആറംഗ സംഘം ആക്രമിച്ചു. ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനാണ് മർദ്ദനമേറ്റത്. വലതുകാലിന്‍റെ അസ്ഥി ഒടിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കല്ലുംമൂട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാൻ വീടുവീടാന്തരം കയറിയിറങ്ങിയതായിരുന്നു ബൈജു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇരുമ്പ് പൈപ്പും വലിയ ചുറ്റികയും ഉപയോഗിച്ച് ബൈജുവിനെ ആക്രമിച്ചത്. നിലത്ത് വീണ ബൈജുവിനെ അയൽവാസികൾ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

സംഘാംഗങ്ങളിൽ ഒരാളെ അറിയാമെന്ന് ബൈജുവിന്‍റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബൈജുവിന്‍റെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും കനകക്കുന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി ജയകുമാർ പറഞ്ഞു.

മുതുകുളം നാലാം വാർഡിൽ ബിജെപി അംഗമായിരുന്ന ജി.എസ് ബൈജു അംഗത്വം രാജിവച്ച് യുഡിഎഫ് പിന്തുണയോടെ വീണ്ടും മത്സരിച്ചു. വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ ബൈജു 103 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും സിറ്റിംഗ് സീറ്റിൽ ബിജെപി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.