ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മോദിക്കെതിരെ ബിജെപി നേതാവ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സ്ഥാനമേല്‍ക്കുന്ന ചടങ്ങിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ചടങ്ങിൽ നിന്ന് മോദി വിട്ടുനിൽക്കുന്നത് ഭരണഘടനയെയും ഇന്ത്യൻ സംസ്കാരത്തെയും അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍പേഴ്‌സണുമായ ജഗ്ദീപ് ധൻഖർ, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, കിരൺ റിജിജു, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു.ലളിത് തുടങ്ങിയവർ പങ്കെടുത്തു.

തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ പ്രചാരണത്തിലാണ് മോദി. അതുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രി ഇന്ന് രണ്ട് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.