ചെറുകിട സംരംഭങ്ങൾക്ക് ആശയങ്ങൾ വേണം; കുടുംബശ്രീയിൽ സമ്മാനങ്ങൾ കാത്തിരിക്കുന്നു

മലപ്പുറം: ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് മികച്ച ആശയങ്ങൾ കൈവശം ഉണ്ടോ? കുടുംബശ്രീയുടെ ക്യാഷ് അവാർഡ് നിങ്ങൾക്കായി കാത്തിരിക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾക്ക് ചെയ്യാൻ കഴിയുന്ന പുതിയ സംരംഭങ്ങളെക്കുറിച്ച് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുക. 25000 രൂപയാണ് ഒന്നാം സമ്മാനം. 15000 രൂപ രണ്ടാം സമ്മാനം, 10000 രൂപ മൂന്നാം സമ്മാനം. പ്രോത്സാഹന സമ്മാനമായി 10 പേർക്ക് 1000 രൂപ വീതവും ലഭിക്കും.

കോളേജ് തലം മുതൽ പിഎച്ച്ഡി തലം വരെയുള്ള ആർക്കും പ്രോജക്ട് റിപ്പോർട്ടുകൾ നൽകാം. ഈ പദ്ധതിക്ക് പാത്ത് (പ്രോജക്ട് ഫോർ അപ്രോപ്രിയേറ്റ് ടെക്നോളജി ഫ്രം ഹാർട്സ്) എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് പറഞ്ഞു. വഴി കാണിക്കാൻ തയാറുള്ളവർക്ക് സ്നേഹസമ്മാനം നൽകുന്ന കുടുംബശ്രീ പദ്ധതിയാണിത്. റിപ്പോർട്ടുകൾ ഒക്ടോബർ 20ന് മുൻപ് കുടുംബശ്രീ മിഷൻ ഓഫിസിൽ ലഭിക്കണം. കോവിഡിനെത്തുടർന്നുള്ള നിശ്ചലത മാറി നാട് ഉണർന്നു തുടങ്ങുന്ന ഈ ഘട്ടത്തിൽ അതിനു കരുത്തേകാൻ ഒട്ടേറെ പുതിയ പദ്ധതികളാണ് കുടുംബശ്രീ ജില്ലാ മിഷൻ അവതരിപ്പിക്കുന്നത്.