സ്പൈസ്ജെറ്റ് വിമാനത്തിൽ പുക; ഹൈദരാബാദിൽ അടിയന്തര ലാൻഡിങ് നടത്തി

ഹൈദരാബാദ്: ഗോവ-ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ കോക്പിറ്റിലും ക്യാബിനിലും ബുധനാഴ്ച രാത്രി പുക ഉയർന്നു. ഇതിനെ തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. കോക്പിറ്റിൽ നിന്നും ക്യാബിനിൽ നിന്നും പുക ഉയരുന്നതിന്‍റെ വീഡിയോ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സ്പൈസ് ജെറ്റിന്‍റെ ക്യു 400 വിമാനത്തിൽ 86 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഒഴിപ്പിച്ചു. ധൃതിപിടിച്ച് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. രാത്രി 11 മണിയോടെയായിരുന്നു സംഭവം.

അതേസമയം, സ്പൈസ് ജെറ്റിന്‍റെ പകുതി സർവീസുകൾക്ക് ഡിജിസിഎ ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 29 വരെ നീട്ടി. തുടർച്ചയായ സാങ്കേതിക തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ജൂലൈ 27 നാണ് എട്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ ഒന്നിനും ജൂലൈ അഞ്ചിനും ഇടയിൽ എട്ട് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി ലഭിച്ചതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.