സെപ്റ്റംബറിലെ ഐസിസി വനിതാ താരത്തിനുള്ള പട്ടികയിൽ സ്മൃതിയും ഹര്‍മനും
ദുബായ്: സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച വനിതാ താരമാവാനുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇടം നേടി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഓപ്പണർ സ്മൃതി മന്ദാന എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടോപ് സ്കോററായിരുന്നു ഹർമൻ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന. ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് പട്ടികയിൽ മൂന്നാമത്.
1999ന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം ചരിത്രം കുറിച്ചിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ 221 റണ്‍സുമായി ടോപ് സ്കോററായ ഹര്‍മന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താനായി. ആദ്യ ഏകദിനത്തിൽ പുറത്താകാതെ 74 റൺസ് നേടിയ ഹർമൻ രണ്ടാം മത്സരത്തിൽ 143 റൺസാണ് നേടിയത്. ഏകദിനത്തിൽ ഹർമന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 181 റൺസുമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ഹർമന് പിന്നിൽ രണ്ടാം സ്ഥാനത്ത്. രണ്ട് അർധസെഞ്ച്വറികളുടെ അകമ്പടിയോടെ 181 റൺസാണ് സ്മൃതി നേടിയത്. യു.എ.ഇയിൽ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബംഗ്ലാദേശിനെ ചാമ്പ്യന്‍മാരാക്കിയതിനൊപ്പം 180 റണ്‍സുമായി ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരിയായിരുന്നു നിഗര്‍.