വിഴിഞ്ഞം പദ്ധതിക്ക് ഒച്ചിന്റെ വേഗം; മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കാണണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞം പദ്ധതിക്ക് ഒച്ചിന്‍റെ വേഗതയാണ്. പദ്ധതി അതിവേഗം പൂർത്തീകരിക്കുന്നുവെന്ന തുറമുഖ മന്ത്രിയുടെ അവകാശവാദം ആശ്ചര്യകരമാണ്. പദ്ധതിക്കായി ഒഴിപ്പിച്ചവരുടെ പുനരധിവാസത്തിലും പുരോഗതിയുണ്ടായിട്ടില്ല. വലിയതുറയിലെ ക്യാമ്പ് ദയനീയാവസ്ഥയിലാണ്. പ്രതിഷേധിച്ചില്ലായിരുന്നെങ്കിൽ വാടകവീട് നൽകുമായിരുന്നോ എന്നും സതീശൻ ചോദിച്ചു.

സിമന്‍റ് ഗോഡൗണിൽ കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിക്കാൻ സ്ഥലമുണ്ടെന്ന കാര്യം സർക്കാർ ഇപ്പോൾ മാത്രമാണ് ഓർക്കുന്നത്. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറ സംഭരിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.