ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സ്നാപ്പിന് 279 കോടി രൂപ പിഴ

അനുമതിയില്ലാതെ ഉപയോക്താക്കളുടെ ഡാറ്റ ചോർത്തിയതിന് സ്‌നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്നാപ്പിന് പിഴ ചുമത്തി. ഡാറ്റ ചോർന്നതിന് 35 മില്യൺ ഡോളർ അഥവാ ഏകദേശം 279.01 കോടി രൂപയാണ് പിഴ ചുമത്തിയത്. സ്‌നാപ്ചാറ്റിന്‍റെ ഫിൽട്ടറുകളും ലെൻസുകളും ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്ട് ലംഘിക്കുന്നതായി ആരോപണമുണ്ട്.

ഉപയോക്താക്കളുടെ സമ്മതമില്ലാതെ കമ്പനി ബയോമെട്രിക് ഡാറ്റ ശേഖരിച്ചതായും യുഎസിലെ ഇല്ലിനോയിസ് സ്റ്റേറ്റിൽ 35 ദശലക്ഷം ഡോളർ നൽകാൻ സ്നാപ്പ് സമ്മതിച്ചതായും ചിക്കാഗോ ട്രിബ്യൂൺ കണ്ടെത്തി. 2015 നവംബർ 17 മുതൽ സ്‌നാപ്ചാറ്റിന്‍റെ ലെൻസുകളും ഫിൽട്ടറുകളും ഉപയോഗിച്ചവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഒരു വ്യക്തിക്ക് 58 മുതൽ 117 ഡോളർ വരെ നഷ്ടപരിഹാരം സ്‌നാപ് നൽകേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. ഇല്ലിനോയിസ് സ്റ്റേറ്റിലെ നിയമം അനുസരിച്ച്, ബയോമെട്രിക് ഡാറ്റ എന്തുകൊണ്ട് ശേഖരിക്കുന്നുവെന്നും എത്ര കാലത്തേക്ക് അത് സംഭരിക്കുമെന്നും കമ്പനികൾ രേഖാമൂലം അറിയിക്കണം. എന്നാൽ കമ്പനി ഈ നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.