അങ്ങനെ അവരും ഒന്നിക്കുന്നു; പൃഥ്വിരാജ് – ബേസിൽ ജോസഫ് ചിത്രം പ്രഖ്യാപിച്ചു

പൃഥ്വിരാജും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഗുരുവായൂരമ്പല നടയിൽ’ എന്നാണ് ചിത്രത്തിന്‍റെ പേര്. പൃഥ്വിരാജും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജയ ജയ ജയ ജയ ഹേ സംവിധാനം ചെയ്ത വിപിൻ ദാസാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നത്. ദീപു പ്രദീപാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പല നടയിൽ’. 

ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.   2022 ൽ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന കഥ താൻ കേട്ടിരുന്നുവെന്നും ഓർക്കുമ്പോഴെല്ലാം ചിരിയുണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഇ4 എന്‍റർടെയ്ൻമെന്‍റ്സാണ് നിർമ്മാതാവ്. ബേസിലും പൃഥ്വിരാജും ഒന്നിക്കുന്ന സന്തോഷം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. അതേസമയം, പൃഥ്വിരാജിന്‍റെ അവസാനം പുറത്തിറങ്ങിയ ചിത്രം കാപ്പയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.