‘ആദിപുരുഷി’ന്റെ ടീസറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

പ്രഭാസ്-ഓം റൗത്ത് കൂട്ടുകെട്ടിലിറങ്ങുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 500 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസറിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതി തോന്നുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. 3 ഡിയിലാണ് ചിത്രം ഒരുക്കുന്നത്.

ടി-സീരീസ്, റെട്രോഫൈൽ എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണകുമാർ, ഓം റൗത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാഹോ, രാധേശ്യാം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നിർമ്മാതാവ് ഭൂഷൺ കുമാറിനൊപ്പമുള്ള പ്രഭാസിന്‍റെ മൂന്നാമത്തെ ചിത്രമാണിത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്, മലയാളം, കൂടാതെ മറ്റു വിദേശ ഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.