മൃദുഹിന്ദുത്വ പരാമർശം; കോൺഗ്രസിനെതിരെ എം വി ഗോവിന്ദൻ

കൊച്ചി: ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിൻ്റെ പരസ്യ പ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പരാമര്‍ശങ്ങളെന്ന് സി.പി.എം
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഈ നിലപാടിനെ സി.പി.എം പണ്ട് മുതലേ വിമര്‍ശിക്കുന്നതാണെന്നും, ഇന്നും വിമര്‍ശിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

മൃദുഹിന്ദുത്വ നിലപാട് കൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാവില്ല. അതാണ് കോൺഗ്രസ് ചെയ്യുന്നത്. ബിജെപിയെ സഹായിക്കാനുള്ള പാലമായാണ് ഇത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൃദുഹിന്ദുത്വ വാദികൾ ചന്ദനക്കുറി തൊടുന്നവരല്ല. അവർ വിശ്വാസികളാണ്. വിശ്വാസികൾ വർഗീയവാദികളല്ല, വർഗീയവാദികൾ വിശ്വസിക്കുന്നില്ല. അവർ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. അവർ ചന്ദനക്കുറി തൊടുന്നത് കൊണ്ട് അവരാണ് മൃദുഹിന്ദുക്കൾ എന്ന് പറയാൻ കഴിയില്ല. വിശ്വാസികളോട് നല്ല സമീപനമാണ് സി.പി.എമ്മിനുള്ളത്. ഏതൊരു വിശ്വാസിക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാൻ അവകാശമുണ്ട്. അവരെയെല്ലാം വർഗീയവാദികളായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.