സോളാർ ലൈംഗിക ചൂഷണ കേസ്: രാഷ്ട്രീയക്കാരെ ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കിയെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. കേസ് അന്വേഷിച്ച സി.ബി.ഐയോടും സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ നാല് പേർക്കെതിരെ മാത്രമാണ് അന്വേഷണം നടത്തുന്നതെന്ന് പരാതിക്കാരി ഹർജിയിൽ ആരോപിക്കുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 14 പേരെ ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു.

തന്നെ ലൈംഗികമായി പീഡിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നീളുന്നില്ലെന്ന് പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരു കേസിൽ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. തന്നെ ദുരുപയോഗം ചെയ്ത എല്ലാവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.