സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു

കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റയ്ക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഘ്നേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എ.എസ്.ഐയെ തല്ലിച്ചതച്ചത്.

കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് സൈനികന്‍റെയും സഹോദരന്‍റെയും അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിലും തലയിലും പരിക്കേറ്റ എ.എസ്.ഐയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ രണ്ട് തുന്നലുകളുണ്ട്.

ഉച്ചയോടെയാണ് കഞ്ചാവും എം.ഡി.എം.എയും വിൽക്കാൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുളള നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനും സഹോദരനും അവരിൽ രണ്ടുപേരെ കാണാൻ എത്തിയതായിരുന്നു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്റ്റേഷന് പുറത്ത് ബഹളമുണ്ടാക്കി. ഇതോടെയാണ് പൊലീസ് ഇരുവരെയും സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയത്. ഇതിനിടെയാണ് സൈനികൻ ഇടിവള ഉപയോഗിച്ച് എ.എസ്.ഐയുടെ തലയിലും മുഖത്തും ഇടിച്ചത്‌. തുടർന്ന് നിലത്തിട്ട് ചവിട്ടിയ ശേഷം സ്റ്റൂൾ ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. മറ്റ് പൊലീസുകാർ ഇരുവരെയും ബലം പ്രയോഗിച്ചാണ് പിടിച്ച് മാറ്റിയത്.