പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; ഇറാന്‍ ഫുട്ബോള്‍ താരത്തിന് വധശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്

ടെഹ്റാന്‍: സ്ത്രീസ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഇറാനിയൻ ഫുട്ബോൾ താരം അമിര്‍ നാസർ അസദാനിയെ സർക്കാർ വധശിക്ഷയ്ക്ക് വിധിച്ചെന്ന് റിപ്പോർട്ട്. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഫിഫ്പ്രോ (ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫുട്ബോളേഴ്സ് പ്രൊഫഷണല്‍സ്) അസദാനിയുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക പ്രകടിപ്പിച്ചു.

കടുത്ത ശിക്ഷയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ഫിഫ്പ്രോ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇറാൻ താരങ്ങൾ ദേശീയഗാനം ആലപിച്ചിരുന്നില്ല.

പ്രതിഷേധത്തിനിടെ സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇതുവരെ രണ്ട് പേരെ ഭരണകൂടം തൂക്കിലേറ്റിയിട്ടുണ്ട്.