സൊമാലിയ വില്ല റോസ് ഹോട്ടൽ ആക്രമണം; ഉത്തരവാദിത്വം അൽ-ഷബാബ് ഏറ്റെടുത്തു

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരർ പിടിച്ചെടുത്ത ഹോട്ടലിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മരണസംഖ്യ നാലായി. സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 12 മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിൽ കുറഞ്ഞത് 4 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപമുള്ള പ്രശസ്തമായ വില്ല റോസ് ഹോട്ടൽ ഇന്നലെ വൈകിട്ടോടെയാണ് ഭീകരർ പിടിച്ചെടുത്തത്. നിരവധി സ്ഫോടനങ്ങളും കനത്ത വെടിവയ്പുകളും ഇവിടെ നിന്ന് കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം, ഹോട്ടൽ പിടിച്ചടക്കാന്‍ നേതൃത്വം നൽകിയത് തങ്ങളാണെന്ന് അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ അൽ-ഷബാബ് അവകാശപ്പെട്ടു.

വില്ല റോസ് ഗസ്റ്റ് ഹോട്ടൽ രാജ്യത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാനങ്ങളിലൊന്നാണ്. ഭീകരർ ഹോട്ടൽ ഏറ്റെടുക്കുമ്പോൾ നിരവധി മന്ത്രിമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ ഹോട്ടലിൽ ഉണ്ടായിരുന്നതായും അവരെ രക്ഷപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, മന്ത്രി മുഹമ്മദ് അഹമ്മദിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിസ്ഥിതി മന്ത്രി ആദം അവ് ഹിർസി ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായും പറയപ്പെടുന്നു. 

രാജ്യത്തിന്‍റെ മധ്യ, തെക്കൻ മേഖലകളിലെ അൽ-ഷബാബിന്‍റെ പ്രദേശങ്ങൾ ആഫ്രിക്കൻ യൂണിയൻ സേനകളുടെയും പ്രാദേശിക മിലീഷ്യകളുടെയും പിന്തുണയോടെ സൈന്യം നേരത്തെ തിരിച്ചുപിടിച്ചിരുന്നു. എന്നിരുന്നാലും, നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച്, രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ദുർബലമായിട്ടില്ല. സ്ഫോടക വസ്തുക്കളും തോക്കുകളുമായി നിരവധി അജ്ഞാത ഭീകരർ ഹോട്ടലിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില സർക്കാർ ഉദ്യോഗസ്ഥരെ ജനലിലൂടെ രക്ഷപ്പെടുത്തിയതായി പോലീസ് ഓഫീസർ മുഹമ്മദ് അബ്ദി പറഞ്ഞു.