ചില നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; മണിക്കെതിരെ എസ് രാജേന്ദ്രന്‍

ഇടുക്കി: ചില സി.പി.എം നേതാക്കൾ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നെന്ന് എസ്.രാജേന്ദ്രൻ. കെ വി ശശിയും എം എം മണിയുമാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നിലെന്ന് രാജേന്ദ്രൻ ആരോപിച്ചു. സി.പി.എം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിന്‍റെ ഹൈഡൽ പ്രോജക്ട് തടഞ്ഞത് താനാണെന്ന വ്യാജപ്രചാരണമാണ് നടത്തുന്നത്. ഹൈഡൽ പദ്ധതിയിൽ ചട്ടലംഘനം ഉണ്ടായതിനാലാണ് ഹൈക്കോടതി പദ്ധതി നിർത്തിവച്ചതെന്നും പരാതിയുമായി കോടതിയെ സമീപിച്ചത് കോൺഗ്രസുകാരാണെന്നും രാജേന്ദ്രൻ പറഞ്ഞു.

15 വർഷം എംഎൽഎയും അതിന് മുൻപ് ജില്ലാ പഞ്ചായത്തംഗവുമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി അഡ്വ.എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് എം.എം മണി ഉന്നയിച്ചത്. രാജേന്ദ്രനെ പുറത്താക്കാൻ എം.എം മണി ശ്രമിച്ചപ്പോൾ രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ മണിക്കെതിരെ പ്രസ്താവന ഇറക്കി. രാജേന്ദ്രൻ ജില്ലയിലെ ഒരു മുതിർന്ന നേതാവിനെതിരെ ശബ്ദമുയർത്താൻ ശ്രമിച്ചതോടെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി.

ഇതിന് പിന്നാലെ രാജേന്ദ്രനെ സി.പി.എം അന്വേഷണ വിധേയമായി പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന ട്രേഡ് യൂണിയൻ പ്രതിനിധി സമ്മേളനത്തിൽ രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. എം.എം. മണിയുടെ പ്രസ്താവനയ്ക്കെതിരെ രാജേന്ദ്രൻ രംഗത്തെത്തുകയും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് തട്ടിപ്പ് തുറന്നുകാട്ടുകയും ചെയ്തു. ഇതിന് മറുപടിയുമായി സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു.