സിനിമാ നിരൂപകരില്‍ ചിലർ വാടകകൊലയാളികളെപ്പോലെ; ലാല്‍ജോസ്
സിനിമയ്ക്കെതിരെ മനപ്പൂർവ്വം ഡീ ഗ്രേഡിംഗ് നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി സംവിധായകൻ ലാൽ ജോസ്. “സിനിമയ്ക്ക് നല്ല പ്രതികരണം ലഭിക്കുന്ന സമയത്താണ് അത് വളരെ മോശമാണെന്ന ഒരു വ്യക്തിയുടെ അഭിപ്രായം ശ്രദ്ധിക്കുന്നത്. അതേ വ്യക്തി മറ്റൊരു സിനിമയെ പുകഴ്ത്തുന്നു. ഇതിൽ നിന്ന് മനസ്സിലായ ഒരു കാര്യം, പണം ഇവിടെ നിന്ന് പണം എത്തിയിട്ടില്ല, മറ്റിടത്ത് നിന്ന് പണം നല്‍കിയിട്ടുണ്ട് എന്നാണ്. അത്തരം അനാരോഗ്യകരമായ പ്രവണതകളുണ്ട്.” അദ്ദേഹം പറഞ്ഞു. വാടകക്കൊലയാളികളെ പോലെയോ വാടക ഗുണ്ടകളെ പോലെയോ ആണ് ചിലർ സിനിമ റിവ്യൂ ചെയ്യുന്നതെന്നും ലാൽ ജോസ് പറഞ്ഞു. പണം തരാത്തവരെ തട്ടിക്കളയുമെന്നുളളതാണ് ലൈന്‍. നിസ്വാർത്ഥമായി സിനിമാ നിരൂപണം നടത്തുന്നവരുണ്ട്. അത് ഓരോരുത്തരുടേയും ക്രെഡിബിലിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു
ഇതൊരു ജനാധിപത്യ രാജ്യമാണ്, ആർക്കും എന്തും പറയാം. ആരെയും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോളമൻസ് ബീസിന്‍റെ ജി.സി.സി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്. മലയാളികൾക്ക് വേണ്ടിയാണ് ചിത്രം ഒരുക്കുന്നത്. മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടാൽ സന്തോഷമെന്നും ഒടിടി മലയാള സിനിമകൾക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അതേസമയം, തിയേറ്റർ റിലീസുകളെ ബാധിക്കാത്ത വിധത്തിലാവണം ഒടിടിയിൽ സിനിമകളെത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിനിമ മാറിയിട്ടുണ്ട്. സിനിമാ ആസ്വാദകരും. പുതിയ കാലത്ത് ആർക്കും ഏത് ആശയത്തിലും എങ്ങനെയും സിനിമയെടുക്കാം. അതിന്‍റെ ഗുണം പുതിയ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു.
സിനിമ കണ്ട് അഭിപ്രായം പറയാൻ പ്രേക്ഷകർക്ക് സമയം നൽകണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് വിൻസി അലോഷ്യസ് പറഞ്ഞു. ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുമ്പോൾ, മനഃപൂർവം ഡീ ഗ്രേഡ് ചെയ്യുന്നതിനെ താൻ ശക്തമായി എതിർക്കുന്നുവെന്നും അവർ പ്രതികരിച്ചു.