തരൂരിൻ്റെ വിലക്കിന് പിന്നില്‍ നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ച ചിലർ: മുരളീധരന്‍

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്ന ശശി തരൂർ എം.പിയെ പിന്തുണച്ച് കെ മുരളീധരൻ. തരൂരിന്റെ മലബാർ സന്ദർശനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെയും മുരളീധരൻ രൂക്ഷവിമർശനം നടത്തി.

ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. അറിയാത്തത് കണ്ടെത്താൻ ആണ് അന്വേഷണം നടത്തേണ്ടത്. ഇവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. പരിപാടി മാറ്റിയതിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റിനെ കുറ്റപ്പെടുത്തില്ല. ഇതിന്‍റെ കാരണം തനിക്കറിയാമെന്നും പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ലെന്നും മുരളീധരൻ പറഞ്ഞു.

ഷാഫിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും നേതാക്കൾക്ക് വിവരം അറിയാമെന്നും മുരളീധരൻ പറഞ്ഞു. അതുകൊണ്ടാണ് അന്വേഷണം നടത്തണമെന്ന നിർദ്ദേശമില്ലാത്തത്. ഇത് കോൺഗ്രസിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.