കോൺഗ്രസ് പ്രതിസന്ധിയിൽ സോണിയ-ആന്റണി കൂടിക്കാഴ്ച ഉടൻ

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടെ എ.കെ ആന്‍റണി ദില്ലിയിൽ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്‍റണി കൂടിക്കാഴ്ച നടത്തും. അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഗെഹ്ലോട്ടും ഡൽഹിയിലെത്തി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അടുത്ത നടപടികളെക്കുറിച്ച് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് എ.കെ ആന്‍റണിയെ വിളിച്ചുവരുത്തിയത്. വിശ്വസ്തന്‍റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കം ഗെഹ്ലോട്ടിലുള്ള ഗാന്ധി കുടുംബത്തിന്‍റെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഗെലോഹ്ട്ടുമായുള്ള ആശയവിനിമയം പൂർണ്ണമായും അടച്ചിട്ടില്ലെങ്കിലും, നേതൃത്വം മറ്റ് സാധ്യതകളും തേടുകയാണ്. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ എ.കെ ആന്‍റണി നിർദ്ദേശിച്ചേക്കും. എന്നാൽ യോഗത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ആന്‍റണി തയ്യാറായില്ല.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഇന്ന് ഡൽഹിയിലെത്തും. എന്നാൽ ഗെഹ്ലോട്ടിനെ കാണാൻ സോണിയാ ഗാന്ധി തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്. യാത്രയ്ക്ക് മുന്നോടിയായി ഗെഹ്ലോട്ട് സംസ്ഥാനത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കമൽനാഥും അംബികാ സോണിയും നേരത്തെ ഗെഹ്ലോട്ടുമായി സംസാരിച്ചിരുന്നു. ഗെഹ്ലോട്ടിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും നീക്കിയിട്ടില്ലെന്ന സൂചനയും ഇത് നൽകുന്നു. അതേസമയം, മുതിർന്ന ഛത്തീസ്ഗഡ് മന്ത്രിയും മുതിർന്ന നേതാവുമായ ടി.എസ്.സിങ് ദേവ് ഗെഹ്ലോട്ടിനെ വിമർശിച്ചു. എംഎൽഎമാരെ നിയന്ത്രിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെയാണ് പാർട്ടിയെ നയിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, നേരത്തെ ഡൽഹിയിലെത്തിയ സച്ചിൻ പൈലറ്റ് ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയേക്കും.