സോണിയാ ഗാന്ധി ആശുപത്രി വിട്ടു; ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ്

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന സോണിയയെ വൈകുന്നേരത്തോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഇനി വസതിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

കോവിഡ് -19 പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 12 നാണ് 75 കാരിയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയാ ഗാന്ധിക്ക് ശ്വാസനാളത്തിൽ ഫംഗസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയെന്നും തുടർ ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ചെയ്തുവെന്നും കോൺഗ്രസ്‌ അറിയിച്ചു.

അതേസമയം, നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 23 നു ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണിയ ഗാന്ധിക്ക് പുതിയ സമൻസ് അയച്ചു. ജൂൺ എട്ടിന് ഹാജരാകാൻ സോണിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊറോണ വൈറസ് ബാധയുള്ളതിനാൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ പുതിയ തീയതി ആവശ്യപ്പെടുകയായിരുന്നു.